11:41am 12 November 2026
NEWS

റോഡിൽ റേസർ ബ്ലേഡും സ്ട്രോയും ഉപയോ​ഗിച്ച് ശസ്ത്രക്രിയ; ബൈക്കപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ യുവാവിന് രക്ഷകരായി മൂന്ന് ഡോക്ടർമാർ

22/12/2025  06:08 PM IST
nila
 റോഡിൽ റേസർ ബ്ലേഡും സ്ട്രോയും ഉപയോ​ഗിച്ച് ശസ്ത്രക്രിയ; ബൈക്കപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ യുവാവിന് രക്ഷകരായി മൂന്ന് ഡോക്ടർമാർ

കൊച്ചി: വാഹനാപകടത്തിൽ പരിക്കേറ്റ് ​ഗുരുതരാവസ്ഥയിൽ റോഡിൽ കിടന്ന യുവാവിന്റെ ജീവൻ, വഴിവക്കിൽ നടത്തിയ അടിയന്തര ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ രക്ഷപ്പെടുത്തി. എറണാകുളം ഇന്ദിര ഗാന്ധി ഹോസ്പിറ്റലിലെ ഡോ. തോമസ് പീറ്റർ, ഭാര്യ ഡോ. ദിദിയ, കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോവാസ്‌കുലർ തൊറാസിക് സർജൻ ഡോ. മനൂപ് എന്നിവരാണ് അസാധാരണ സാഹചര്യത്തിൽ നിർണായക ഇടപെടൽ നടത്തിയത്.

ഞായറാഴ്ച രാത്രി എട്ടരയോടെ ഉദയംപേരൂർ വലിയംകുളത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മൂന്നു പേർക്ക് പരിക്കേറ്റത്. ഇതിൽ ബൈക്ക് യാത്രക്കാരനായ ലിനീഷിനാണ് ഏറ്റവും ഗുരുതര പരിക്കേറ്റത്. മുഖത്ത് പരിക്കേറ്റ് ശ്വാസനാളം തടസ്സപ്പെട്ട നിലയിലായിരുന്ന യുവാവ്, ശ്വാസതടസ്സം മൂലം ഗുരുതരാവസ്ഥയിലേക്കായിരുന്നു നീങ്ങിയത്.

അടുത്ത ആശുപത്രിയിൽ എത്തിക്കാൻ സമയം ലഭിക്കാത്ത സാഹചര്യത്തിൽ, നാട്ടുകാരുടെയും പോലീസിന്റെയും സഹായത്തോടെ ലഭ്യമായ ഉപകരണങ്ങൾ ഉപയോഗിച്ച് ‘സർജിക്കൽ ക്രിക്കോതൈറോട്ടോമി’ എന്ന അടിയന്തര ചികിത്സ ഡോക്ടർമാർ റോഡിൽവെച്ച് നടത്തി. ഒരു റേസർ ബ്ലേഡും ശീതളപാനീയങ്ങൾ കുടിക്കാനുപയോഗിക്കുന്ന സ്‌ട്രോയും ഉപയോഗിച്ച് ശ്വാസനാളം തുറന്ന് യുവാവിന്റെ ജീവൻ നിലനിർത്തുകയായിരുന്നു.

തുടർന്ന് ലിനീഷിനെ വൈറ്റില വെൽകെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാരുടെ സമയോചിതവും ധൈര്യപരവുമായ ഇടപെടലാണ് ജീവൻ രക്ഷിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img